Noel Tata: രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇവിടെ ഭദ്രം; ആരാണ് നോയല്‍ ടാറ്റ?
Tata Trust New Chairman Noel Tata: രത്തന്‍ ടാറ്റയുടെ സഹോദരനായ ജിമ്മി ടാറ്റയ്ക്ക് ബിസിനസിനോട് വലിയ താത്പര്യമില്ലാതിരുന്നതുകൊണ്ട് തന്നെ തുടക്കം മുതല്‍ക്കേ ഉയര്‍ന്ന് കേട്ടിരുന്ന പേരാണ് നോയല്‍ ടാറ്റയുടേത്. 100 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടാറ്റയുടെ ബിസിനസ് ഏറ്റെടുക്കാനെത്തുന്നയാള്‍ നിസാരക്കാരനാകുന്നതിലും അര്‍ത്ഥമില്ല
ടാറ്റാ ട്രസ്റ്റിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ(Noel Tata) നിയമിച്ചിരിക്കുകയാണ്. ടാറ്റ സ്റ്റീല്‍സ്, വോള്‍ട്ടാസ് എന്നിവയുള്‍പ്പെടെ ടാറ്റയുടെ നിരവധി കമ്പനികളുടെ ബോര്‍ഡംഗമായിരുന്ന നോയല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. കാരണം, രത്തന്‍ ടാറ്റയുടെ പാരമ്പര്യം അതുപോലെ കാത്തുസൂക്ഷിക്കുക എന്നതാണ് ശ്രദ്ധേയം. 16,500 കോടി ഡോളര്‍ വരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അമരത്തേക്കാണ് നോയല്‍ ഉയര്‍ന്നിരിക്കുന്നത്.
നോയല്‍ ടാറ്റ
രത്തന്‍ ടാറ്റയുടെ സഹോദരനായ ജിമ്മി ടാറ്റയ്ക്ക് ബിസിനസിനോട് വലിയ താത്പര്യമില്ലാതിരുന്നതുകൊണ്ട് തന്നെ തുടക്കം മുതല്‍ക്കേ ഉയര്‍ന്ന് കേട്ടിരുന്ന പേരാണ് നോയല്‍ ടാറ്റയുടേത്. 100 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടാറ്റയുടെ ബിസിനസ് ഏറ്റെടുക്കാനെത്തുന്നയാള്‍ നിസാരക്കാരനാകുന്നതിലും അര്‍ത്ഥമില്ല. ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. രത്തന്‍ ടാറ്റയായിരുന്നു ഇതുവരെ ഈ ട്രസ്റ്റ് നിയന്ത്രിച്ചിരുന്നത്. ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റിനുണ്ട്.
Also Read: Noel Tata : രത്തൻ ടാറ്റയ്ക്ക് പിൻഗാമി അർധസഹോദരൻ നോയൽ ടാറ്റ; ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചു
രത്തന്‍ ഒരിക്കലും ടാറ്റ ഗ്രൂപ്പിന് പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ട്രസ്റ്റ് ബോര്‍ഡിന് ട്രസ്റ്റികളില്‍ നിന്ന് തന്നെ ഒരു ചെയര്‍മാനെ തീരുമാനിക്കേണ്ടതായി വന്നത്. ട്രസ്റ്റികളില്‍ ഏറ്റവും പ്രഗത്ഭനും നോയല്‍ തന്നെയായിരുന്നു. രത്തന്‍ ടാറ്റയുടെ പിതാവിന്റെ രണ്ടാം ഭാര്യയിലെ മകനാണ് നോയല്‍ ടാറ്റ. കൂടാതെ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് നോയല്‍. അദ്ദേഹം നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.
നോയലിന്റെ മേല്‍നോട്ടത്തില്‍ 2010 ഓഗസ്റ്റിനും 2021 നവംബറിനുമിടയില്‍ 500 മില്യണ്‍ ഡോളറിന്റെ വിറ്റുവരവില്‍ മൂന്ന് ബില്യണ്‍ ഡോളറിലേക്കാണ് ടാറ്റ ഇന്റര്‍നാഷണല്‍ വളര്‍ച്ച പ്രാപിച്ചത്. നേരത്തെ ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തും നോയല്‍ ഇരുന്നിട്ടുണ്ട്. 1998ല്‍ ആരംഭിച്ച കമ്പനി ഇന്ന് എഴുന്നൂറിലധികം സ്റ്റോറുകളുമായാണ് മുന്നേറുന്നത്.
ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമായാണ് നോയല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ നോയല്‍ ടാറ്റ ഐഎന്‍എസ്ഇഎഡിയില്‍ നിന്നും ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിരുന്നു.
ടാറ്റ ട്രസ്റ്റ്
രാജ്യത്തെ തന്നെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലിയ ഗ്രൂപ്പാണ് ടാറ്റ ട്രസ്റ്റ്. സര്‍ ദോറാബ്ജി ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവയാണ് ടാറ്റ ട്രസ്റ്റിലെ രണ്ട് പ്രധാന സ്ഥാപനങ്ങള്‍. ടാറ്റ ഗ്രൂപ്പിന്റെ ഏകദേശം 60 ശതമാനം ഓഹരികളാണ് ഈ രണ്ട് സ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുന്നത്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ട്രസ്റ്റിന്റെയും കീഴില്‍ മൂന്ന് ട്രസ്റ്റുകള്‍ വീതമുണ്ട്.
സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ നിലവിലെ വൈസ് ചെയര്‍മാന്‍മാര്‍ മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ്, ടിവിഎസ് ഗ്രൂപ്പിന്റെ വേണു ശ്രീനിവാസന്‍ എന്നിവരാണ്. ജെഎന്‍ ടാറ്റ, നോയല്‍ ടാറ്റ, ജഹാംഗീര്‍ എച്ച്‌സി ജഹാംഗീര്‍, മെഹ്ലി മിസ്ത്രി, ഡാരിയസ് ഖംബത എന്നിവരാണ് മറ്റ് അംഗങ്ങളായിട്ടുള്ളത്. ടാറ്റ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ട്രസ്റ്റില്‍ ജെഎന്‍ മിസ്ത്രി, വിജയ് സിങ്, വേണു ശ്രീനിവാസന്‍ എന്നിവരും നവജ്ഭായ് രത്തന്‍ ടാറ്റ ട്രസ്റ്റില്‍ ജെഎന്‍ മിസ്ത്രി, വിജയ് സിങ്, വേണു ശ്രീനിവാസന്‍ എന്നിവരുമാണ് അംഗങ്ങള്‍.
സര്‍ ദൊറാബ്ജി ആന്‍ഡ് അലൈഡ് ട്രസ്റ്റുകള്‍ക്ക് കീഴില്‍ മൂന്നു ട്രസ്റ്റുകളുണ്ട്. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റില്‍ വിജയ് സിങ്ങും വേണു ശ്രീനിവാസനും വൈസ് ചെയര്‍മാന്‍മാരായിട്ടുള്ളത്. പ്രമിത് ജാവേരി, നോയല്‍ ടാറ്റ, മെഹ്ലി മിസ്ത്രി, ഡാരിയസ് ഖംബത എന്നിവരാണ് മറ്റ് അംഗങ്ങള്‍. ലേഡി ടാറ്റ മെമ്മോറിയല്‍ ട്രസ്റ്റില്‍ എഫ്‌കെ കവരാന, പിബി ദേശായി, എം ചാണ്ടി എന്നിവരാണ് അംഗങ്ങള്‍. ജെആര്‍ഡി ടാറ്റ ട്രസ്റ്റില്‍ വിജയ് സിങ്, വേണു ശ്രീനിവാസന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും നെവില്‍ എന്‍ ടാറ്റ അംഗവുമായിട്ടുണ്ട്.