Onam Bumper 2024: ബമ്പറടിക്കുമോ പാലക്കാട്? ടിക്കറ്റ് വില്‍പനയില്‍ ഇഞ്ചോടിഞ്ച് പോരാടി കേരളം
Onam Bumper 2024 Sale: 25 കോടി തേടി ടിക്കറ്റ് എടുക്കുന്നവര്‍ നിരവധിയാണ്. ഒന്നാം സമ്മാനം 25 കോടിയും രണ്ടാം സമ്മാനം ഓരോ കോടി രൂപ വീതം 20 പേര്‍ക്കുമാണ്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം ബമ്പര്‍ (Onam Bumper 2024) വില്‍പന പൊടിപൂരം. ഇനി രണ്ടേ രണ്ട് ദിവസം മാത്രമാണ് ഭാഗ്യക്കുറി നറുക്കെടുക്കുന്നതിനായുള്ളത്. രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ടിക്കറ്റ് വില്‍പന 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ അതെല്ലാം വിറ്റുപോകുമെന്ന ശുഭപ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. തിങ്കളാഴ്ച വൈകീട്ട് നാല് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 6970438 ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്.
25 കോടി തേടി ടിക്കറ്റ് എടുക്കുന്നവര്‍ നിരവധിയാണ്. ഒന്നാം സമ്മാനം 25 കോടിയും രണ്ടാം സമ്മാനം ഓരോ കോടി രൂപ വീതം 20 പേര്‍ക്കുമാണ്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. അവസാന സമ്മാനമായി 500 രൂപയുമുണ്ട്. ഇതില്‍ ഏതെങ്കിലും അടിക്കുമെന്ന ഉറപ്പിലാണ് കേരളത്തിലെ ജനങ്ങള്‍.
കേരളത്തിന്റെ ഓരോ ജില്ലകളിലും ഓണം ബമ്പര്‍ വില്‍പന തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ വില്‍പനയുടെ കാര്യത്തില്‍ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാമത്. പാലക്കാട് സബ് ഓഫീസുകളിലേത് ഉള്‍പ്പെടെ 1278720 ടിക്കറ്റുകളാണ് ജില്ലയില്‍ ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് തിരുവനന്തപുരമാണ്. ഇവിടെ 921350 ടിക്കറ്റുകളുടെ വില്‍പനയാണ് ഇതുവരെ നടന്നത്. മൂന്നാം സ്ഥാനത്ത് 844390 ടിക്കറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് തൃശൂരും ഉണ്ട്.
ഒക്ടോബര്‍ 9 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ വെച്ച് പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഉദ്ഘാടനവും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്റ് ഡയറക്ടര്‍മാരായ മായ എന്‍ പിള്ള, എം രാജ് കപൂര്‍ എന്നിവരും സന്നിഹിതരാകും.
സമ്മാന തുക ഇപ്രകാരം
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം എന്ന രീതിയില്‍ 20 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം അടിക്കുന്ന ആള്‍ക്ക് അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം സ്വന്തമാക്കുന്നയാള്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ലഭിക്കുക. ഓരോ പരമ്പരയിലേയും പത്ത് പേര്‍ക്ക് വീതം ആയിരിക്കും ഈ രണ്ട് സമ്മാനങ്ങളും. സമാശ്വാസ സമ്മാനമായി ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കുന്നതാണ്. മാത്രമല്ല ബിആര്‍ ഓണം ബംപര്‍ നറുക്കെടുപ്പില്‍ 5000, 2000, 1000, 500 തുടങ്ങിയ നിരവധി തുകയുടെ സമ്മാനങ്ങളും വേറെയുണ്ട്.