Mutual Funds: പ്രവാസിയാണോ? മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം അറിഞ്ഞുവെക്കാം
How Does NRI Invest in Mutual Funds: ദീര്‍ഘകാല വരുമാനം ആഗ്രഹിക്കുന്ന എന്‍ആര്‍ഐകള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പണം നിക്ഷേപിക്കുന്നത് പോലെയല്ല വിദേശത്ത് നിന്നുകൊണ്ട് നിക്ഷേപം നടത്തുന്നത്. അതിന് കാരണം ഇന്ത്യന്‍ വിപണിയെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്.
5 ട്രില്യണ്‍ ഡോളറിലധികം അതായത് 422 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയുടെ ഇക്വിറ്റി വിപണി. ഈ കണക്കുകളെല്ലാം 2030 ഓടെ കീഴ്‌മേല്‍ മറിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2030 എത്തുന്നതോടെ ഇക്വിറ്റി വിപണി 10 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2028 എത്തുന്നതോടെ നമ്മുടെ രാജ്യം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പണമെത്തിച്ചത് പ്രവാസികളാണെങ്കില്‍ ആ പ്രവാസികള്‍ക്ക് മ്യൂച്വല്‍ ഫണ്ടിലും അല്‍പം റോളുണ്ട്. ദീര്‍ഘകാല വരുമാനം ആഗ്രഹിക്കുന്ന എന്‍ആര്‍ഐകള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പണം നിക്ഷേപിക്കുന്നത് പോലെയല്ല വിദേശത്ത് നിന്നുകൊണ്ട് നിക്ഷേപം നടത്തുന്നത്. അതിന് കാരണം ഇന്ത്യന്‍ വിപണിയെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്.
നിക്ഷേപവുമായി ബന്ധപ്പെട്ട് ഇത്തരം തടസം നേരിടുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജ്‌മെന്റിനെ സമീപിക്കാവുന്നതാണ്. വിദേശത്ത് താമസിക്കുന്നതുകൊണ്ട് തന്നെ പ്രവാസികള്‍ക്ക് നിക്ഷേപ വിദഗ്ധരുമായി മീറ്റിങുകളിലൂടെ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നത് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്.
കെവൈസി രജിസ്‌ട്രേഷന്‍, ബാങ്ക് വിശദാംശങ്ങള്‍, ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട് ഫോളിയോ നോമിനി അപ്‌ഡേറ്റുകള്‍, എന്‍ആര്‍ഐ ഡോക്യുമെന്റേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രവാസികളെ സഹായിക്കാന്‍ ഫണ്ട് മാനേജ്‌മെന്റിന് സാധിക്കും. എപ്പോഴും ആശ്രയിക്കാവുന്ന ഫലപ്രദമായ നിക്ഷേപ പ്ലാറ്റ്‌ഫോം തന്നെയാണ് പ്രവാസികള്‍ തിരഞ്ഞെടുക്കേണ്ടത്.
ഇത്തരത്തില്‍ ഫലപ്രദമായ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപിക്കുന്ന രീതി എളുപ്പമാകുകയും തടസങ്ങളില്ലാത്ത ഇടപാട് നല്‍കുകയും ചെയ്യുന്നു. ഡോക്യുമെന്റേഷന്‍, ഇടപാടുകള്‍, പോര്‍ട്ട്‌ഫോളിയോ റീബാലന്‍സിങ് തുടങ്ങിയ കാര്യങ്ങളില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകള്‍ വേണം തിരഞ്ഞെടുക്കാന്‍.
പ്രവാസികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം നികുതിയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നികുതി നിയമങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുക. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ളത് പോലെ നികുതി നിയമങ്ങള്‍ പ്രവാസികള്‍ക്കും ബാധകമാണ്. ഇക്വിറ്റി ഫണ്ടുകള്‍ക്ക് ദീര്‍ഘകാല മൂലധന നേട്ട നികുതിയായി 12.5 ശതമാനവും ഹ്രസ്വകാല മൂലധന നേട്ടത്തിന് 20 ശതമാനവുമാണ് നികുതി വരുന്നത്.
ഓരോ വ്യക്തിയുടെയും ആദായ നികുതി സ്ലാബ് അനുസരിച്ചാണ് ഡെറ്റ് ഫണ്ടുകള്‍ക്ക് നികുതി ചുമത്തുന്നത്. മാത്രമല്ല, ചില രാജ്യങ്ങളില്‍ നിന്നുള്ള എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കുന്നതിന് ചില നിയന്ത്രണങ്ങളുമുണ്ട്. യുഎസില്‍ നിന്നും കാനഡയില്‍ നിന്നുമുള്ളവര്‍ക്ക് ചില ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. എല്ലാത്തിലും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഏത് രാജ്യത്താണോ നിങ്ങള്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത് ആ രാജ്യത്തേക്ക് ആദായം കൊണ്ടുപോകാവുന്ന രീതിയിലും നിക്ഷേപം നടത്താവുന്നതാണ്. എന്‍ആര്‍ഐ അക്കൗണ്ട് വഴിയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന രാജ്യത്തേക്ക് ആദായം കൊണ്ടുപോകാവുന്നതാണ്.
എന്നാല്‍ നിങ്ങള്‍ നോണ്‍ റസിഡന്റ് ഓര്‍ഡിനറി അക്കൗണ്ട് വഴിയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ഇന്ത്യയില്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ നിന്നുമായി ആകെ ഒരു ദശലക്ഷം ഡോളര്‍ വരുമാനമാണ് ഒരു സാമ്പത്തിക വര്‍ഷം നിങ്ങള്‍ക്ക് നിങ്ങള്‍ താമസിക്കുന്ന രാജ്യത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നത്.
പല ഉപദേശക പ്ലാറ്റ്‌ഫോമുകളും പ്രാവസികള്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ എന്‍ആര്‍ഐയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നതിലാണ് തടസം നേരിടുന്നത്. ഈ സാഹചര്യത്തില്‍ വിശ്വസ്തനായ ഒരു നിക്ഷേപ വിദഗ്ധര്‍ ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്.
(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)