LPG Price Hike : ഗ്യാസ് വിലയിൽ കുതിപ്പ്; വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി
LPG Cylinder Price Hike: സെപ്റ്റംബറിലും വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നത്. 39 രൂപയാണ് കഴിഞ്ഞ മാസം വര്‍ധിപ്പിച്ചത്.
ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 48 രൂപയാണ് 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് വർദ്ധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ 100 രൂപയാണ് ഗ്യാസിന് വർദ്ധിപ്പിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡുമാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692.5 രൂപയും കൊല്‍ക്കത്തയില്‍ 1850.5 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് ഒരു സിലിണ്ടറിന്റെ വില. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്സെെറ്റ് പ്രകാരം 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.
തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. 39 രൂപയാണ് കഴിഞ്ഞ മാസം 19 കിലോ ഗ്രാം സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ജൂലെെയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 30 രൂപ കുറച്ചിരുന്നു. മെയ്യിലും 19 രൂപ കുറഞ്ഞിരുന്നു.
വിപണിയിൽ പണപ്പെരുപ്പം നിലനിൽക്കുമ്പോഴാണ് എൽപിജിയുടെ വില വർധിക്കുന്നത്. വില വർധന ഭക്ഷണവില വർധിക്കാൻ കാരണമാകും. പണപ്പെരുപ്പം ഇനിയും വർദ്ധിക്കാൻ ഇടയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ വിലയും ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
എല്ലാ മാസവും ഒന്നാം തീയതിയാണ് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ എൽപിജി വില പുതുക്കുന്നത്. ഇറക്കുമതി പാരിറ്റി വില ഫോർമുല ഉപയോഗിച്ചാണ് കമ്പനികൾ വില നിശ്ചയിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയാണ് ഇന്ത്യയിലേക്ക് പാചക വാതകം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ അന്താരാഷ്ട്ര വാതക വില പ്രാദേശിക എൽപിജി വിലയെയും സ്വാധീനിക്കുന്നുണ്ട്. കൂടതെ ഡോളർ- രൂപ വിനിമയ നിരക്കും പാചക വാതക വിലയെ സ്വാധീനിക്കുന്നു.
ഒക്ടോബർ ആദ്യ വാരം കേന്ദ്രസർക്കാർ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം, ഇന്ധനവില ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറായാല്‍ വില കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.