ആവലാതി വേണ്ട, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ കിട്ടി തുടങ്ങും, ഇത്തവണ എത്ര? | kerala welfare pension will be disbursed from today, know details Malayalam news - Malayalam Tv9

Welfare Pension: ആവലാതി വേണ്ട, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ കിട്ടി തുടങ്ങും, ഇത്തവണ എത്ര?

Updated On: 

29 Aug 2024 12:06 PM

Pension Distribution: ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ക്ഷേമപെന്‍ഷന്‍ കുടിശികകളും തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേമ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുന്നതിന് മാത്രമായി 104 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് വിവരം

Welfare Pension: ആവലാതി വേണ്ട, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ കിട്ടി തുടങ്ങും, ഇത്തവണ എത്ര?

(Social Media Image)

Follow Us On

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. ഓണത്തിന് മുമ്പ് രണ്ട് ഗഡുക്കള്‍ വിതരണം ചെയ്യാനാകുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. അഞ്ചുമാസത്തെ കുടിശികയാണ് നിലവില്‍ കൊടുക്കാനുള്ളത്. ഇതില്‍ മൂന്ന് മാസത്തെ കുടിശികയായ 4,800 രൂപ ഓണത്തിന് മുന്നെ വിതരണം ചെയ്യുമെന്നാണ് സൂചന. പെന്‍ഷന്‍, ശമ്പളം എന്നിവ വിതരണം ചെയ്യുന്നതിനായും മറ്റ് ചെലവുകള്‍ക്കായും സര്‍ക്കാര്‍ 3,000 കോടി രൂപയാണ് കടമെടുത്തിട്ടുള്ളത്. ഒരു മാസത്തെ പെന്‍ഷനാണ് ഇന്നുമുതല്‍ വിതരണം ചെയ്ത് തുടങ്ങുന്നത്.

ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ക്ഷേമപെന്‍ഷന്‍ കുടിശികകളും തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേമ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുന്നതിന് മാത്രമായി 104 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് വിവരം. 60 ലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് സംസ്ഥാനത്താകെ ഉള്ളത്. ക്ഷേമ പെന്‍ഷന്‍ വിഭാഗത്തില്‍ തന്നെ വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

Also Read: Kerala Rain Alert: കേരളത്തില്‍ വീണ്ടും അതിശക്തമായ മഴ; അതിതീവ്ര ന്യൂനമര്‍ദം അറബിക്കടലില്‍ ഇന്നെത്തും

ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിന് വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭൂരിഭാഗം വിഹിതവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. അവശ കലാകാരന്മാര്‍, സര്‍ക്കസ് കലാകാരന്മാര്‍ എന്നിവര്‍ക്കും 1,600 രൂപ വെച്ച് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്.

ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്. മൂന്ന് മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 2700 കോടി രൂപയും വേണ്ടി വരും. ഇതിനായി 1800 കോടി രൂപയാണ് ധനവകുപ്പ് വകയിരിക്കുന്നത്. അഞ്ച് മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ചായിരിക്കും ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും വീട്ടിലും പെന്‍ഷന്‍ ലഭിക്കുന്നതാണ്. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തെ ഓണക്കാല ചെലവുകള്‍ക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ മാസം വരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കടമെടുപ്പ് പരിധിയില്‍ ബാക്കിയുള്ളത് 3753 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ മൂവായിരം കോടി കടമെടുത്ത് ക്ഷേമ പെന്‍ഷന്‍ കൊടുക്കുകയും അത്യാവശ്യ ചെലവുകള്‍ക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തില്‍ ഈ വര്‍ഷം പതിനയ്യായിരം കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയവുമായി നിരന്തരം സംസാരിക്കുന്നണ്ടെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഓണക്കാല ചെലവുകള്‍ മറികടക്കാന്‍ പെന്‍ഷന്‍ തുകക്ക് പുറമെ 5000 കോടിയെങ്കിലും വേണം. എന്നാല്‍ കേന്ദ്ര സഹായം കിട്ടിയില്ലെങ്കില്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്.

അതേസമയം, ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ ആറ് മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാവേലി സ്റ്റോറുകള്‍ വഴിയായിരിക്കും അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത്. 13 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. എഎവൈ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. ആറുലക്ഷം പേര്‍ക്ക് 36 കോടി രൂപ ചിലവിലാണ് കിറ്റ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ സെപ്റ്റംബര്‍ ആറ് മുതല്‍ സപ്ലൈകോ വഴി ഓണ വിപണി ആരംഭിക്കും. ജൈവ പച്ചക്കറി ഫെയറും ഇത്തവണ ഒരുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും.

Also Read: Suresh Gopi : മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സുരേഷ് ഗോപിക്കെതിരെ അന്വേഷണം; മറുപരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെയും കേസ്

അതേസമയം, ഇത്തവണ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വില്‍പ്പന ശാലകള്‍ വഴി നല്‍കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. 5.87 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണം കിറ്റ് വിതരണം ചെയ്യുന്നത്. നേരത്തെ റേഷന്‍ കടകള്‍ വഴിയായിരുന്നു കിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ചുരുങ്ങിയ എണ്ണത്തിലുള്ള കിറ്റുകള്‍ റേഷന്‍ കടയില്‍ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ ആലോചിക്കുന്നത്. മാത്രമല്ല മുമ്പ് കിറ്റുകള്‍ വിതരണം ചെയ്ത ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കുടിശിക നല്‍കിയിട്ടില്ല.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version