ITR Filing: ഐടിആര്‍ ഫയല്‍ ചെയ്തില്ലേ ഇതുവരെ? ഇനിയും വൈകിയാല്‍ എന്തു സംഭവിക്കും?
What Happens If ITR is Not Filed: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കാലതാമസം നേരിടുകയാണെങ്കില്‍ നിങ്ങള്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള പിഴ നല്‍കേണ്ടതായി വരും. അനുവദിച്ചിട്ടുള്ള തീയതിക്ക് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇനി ജനുവരി 15 വരെ പിഴയോടുകൂടി ഫയല്‍ ചെയ്യാവുന്നതാണ്.
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ (ITR Filing) ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പിഴയോടുകൂടി ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇനി ജനുവരി 15 വരെ ഫയല്‍ ചെയ്യാവുന്നതാണ്.
നേരത്തെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്ക് ജനുവരി 15 വരെ മാറ്റങ്ങള്‍ വരുത്തുന്നതിനും സാധ്യമാണ്. ഇതിന് മുമ്പ് പല തവണ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് നീട്ടി നല്‍കിയിരുന്നു. ജൂലൈ 31 വരെയായിരുന്നു ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് ആദായ നികുതി വകുപ്പ് സമയം അനുവദിച്ചിരുന്നത്. ആരെല്ലാമാണ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതെന്നും അത് ചെയ്യാതിരുന്നാല്‍ എന്തു സംഭവിക്കുമെന്നും പരിശോധിക്കാം.
ആരാണ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്?
പ്രതിവര്‍ഷ വരുമാനം ശരാശരി വരുമാനം 2,50,000 പരിധി കവിയുന്ന 60 വയസിന് താഴെയുള്ള ആളുകള്‍ ഐടിആര്‍ ഫയല്‍ ചെയ്യണം. ഇതിന് പുറമെ താഴെ പറഞ്ഞിരിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും നികുതി അടയ്‌ക്കേണ്ടതായിട്ടുണ്ട്.
- ഐടിആര്‍ ഫയല്‍ ചെയ്യുന്ന വ്യക്തി ഇന്ത്യയില്‍ സ്ഥിരതാമസക്കാരനോ അല്ലെങ്കില്‍ സാധാരണ താമസക്കാരനോ ആയിരിക്കണം.
1. രാജ്യത്തിന് പുറത്തുള്ള ആസ്തി കൈവശം വെച്ചിരിക്കുന്നവര്‍.
2. ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും അക്കൗണ്ടുകളിലോ രേഖകളിലോ ഒപ്പുവെക്കാന്‍ അധികാരമുള്ളവര്‍.
3. ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ആസ്തിയുടെ ഗുണഭോക്താവ്.
- ഏതെങ്കിലും ബാങ്കിലെ കറന്റ് അക്കൗണ്ടുകള്‍ ഒരു കോടി രൂപയിലധികം നിക്ഷേപമുള്ള വ്യക്തികള്‍.
- വിദേശയാത്രയ്ക്ക് രണ്ട് ലക്ഷത്തിലധികം ചെലവ് വന്നിട്ടുള്ളവര്‍.
- വൈദ്യുതി ഉപഭോഗത്തിന് ഒരു ലക്ഷത്തിലധികം ചെലവ് വന്നിട്ടുള്ളവര്‍.
- വ്യക്തിയുടെ ബിസിനസിലെ മൊത്തം വരുമാനം അല്ലെങ്കില്‍ വില്‍പന വിറ്റുവരവ് 60 ലക്ഷം രൂപ കവിയുക.
- ഒന്നോ അതിലധികമോ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ആകെ നിക്ഷേപം 50 ലക്ഷമോ അതില്‍ കൂടുതലോ ഉള്ളവര്‍.
Also Read: ITR Filing 2024: നിങ്ങളുടെ ആദായനികുതി റിട്ടേൺ ഇനി വാട്ട്‌സ്ആപ്പിലൂടെ ഫയൽ ചെയ്യാം; വഴികൾ ഇങ്ങനെ
ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത് എങ്ങനെ?
- http://www.incometax.gov.in/iec/foportal/ ആദ്യം രജിസ്റ്റര്‍ ചെയ്യുക.
- ഓരോ നികുതിദായകന്റെയും വരുമാനം, ജോലി എന്നിവയുടെ അടിസ്ഥാനത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് വ്യത്യസ്ത ഫോമുകളുണ്ട്.
- ഐടിആര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ഫോമുകളില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് ഏതാണ് എന്ന് ഉറപ്പുവരുത്തുക.
- ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി ഫോം 16 ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, പലിശ രേഖകള്‍, നിക്ഷേപ രേഖകള്‍ തുടങ്ങിയ രേഖകളെല്ലാം കയ്യില്‍ കരുതണം.
- ടാക്സ് ക്രെഡിറ്റ് രേഖ ക്രോസ് ചെക്ക് ചെയ്യുന്നതിനോടൊപ്പം എല്ലാ ടിഡിഎസും നികുതി പേയ്മെന്റുകളും കൃത്യമായി ഇതില്‍ പ്രതിപാദിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പിക്കുക.
- നിങ്ങളുടെ വരുമാനത്തിന്റെ വിവരങ്ങള്‍ കൃത്യമായി രേഖകളില്‍ കാണിച്ചിരിക്കണം.
- ശമ്പളം, വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ തുടങ്ങിയുള്ള എല്ലാ വരുമാന സ്രോതസുകളും വെളിവാക്കണം. ഇവയില്‍ ഏതെങ്കിലും വിട്ടുപോകുകയാണെങ്കില്‍ അത് പിഴയൊടുക്കുന്നതിന് കാരണമാകും.
- 80സി, 80ജി എന്നിവ പ്രകാരം എന്തെങ്കിലും നികുതി ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ രേഖകള്‍ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- വിദേശത്ത് ആസ്തികള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ വിദേശത്ത് നിന്ന് വരുമാനം ലഭിക്കുന്നുണ്ടെങ്കിലോ അത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കണം.
- ഐടിആര്‍ ഫയല്‍ ചെയ്ത ശേഷം ഇ വെരിഫൈ ചെയ്യുക. ആധാര്‍ ഒടിപി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഇ വെരിഫിക്കേഷന്‍ സാധ്യമാകും.
ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കാലതാമസം നേരിടുകയാണെങ്കില്‍ നിങ്ങള്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള പിഴ നല്‍കേണ്ടതായി വരും. അനുവദിച്ചിട്ടുള്ള തീയതിക്ക് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇനി ജനുവരി 15 വരെ പിഴയോടുകൂടി ഫയല്‍ ചെയ്യാവുന്നതാണ്.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234F പ്രകാരം കാലാവധി കഴിഞ്ഞതിന് ശേഷം അടയ്ക്കുന്ന നികുതികള്‍ക്ക് 5,000 രൂപയാണ് പിഴയായി ഈടാക്കുന്നത്. ജനുവരി 15നുള്ളില്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്നും 5,000 രൂപയാണ് പിഴയായി ഈടാക്കുക. ചെറുകിട നികുതിദായകര്‍ക്ക് ഈ തുകയില്‍ വ്യത്യാസം വരും. നിങ്ങളുടെ ആകെ വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ 1,000 രൂപയായിരിക്കും പിഴയായി ഈടാക്കുന്നത്.
സമയപരിധി അവസാനിച്ച്, ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കൈപ്പറ്റിയ ശേഷവും മനപൂര്‍വം റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണ്. നികുതി അടയ്ക്കാതിരിക്കുകയാണെങ്കില്‍ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്. റിട്ടേണിന്റെ ക്ലിയര്‍ ടാക്‌സ് പ്രകാരമുള്ള പിഴയ്ക്ക് പുറമെ സെക്ഷന്‍ 234A പ്രകാരം ഓരോ മാസവും 1 ശതമാനം വെച്ച് നികുതി അടയ്ക്കുന്നത് വരെ പലിശയായി ഈടാക്കുകയും ചെയ്യും.