Ratan Tata death: ഇന്ത്യൻ വ്യവസായത്തിലെ അതികായൻ; രത്തൻ ടാറ്റയ്ക്ക് വിട
Ratan Tata dies: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു.
ന്യൂഡല്‍ഹി: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റ (Ratan Tata) അന്തരിച്ചു. 86 വയസായിരുന്നു. മുംബെെയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് രത്തൻ ടാറ്റയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. ടാറ്റയുടെ സ്ഥാപകനായ ജംസേട്ട്ജി ടാറ്റയുടെ ചെറുമകനാണ് രത്തൻ ടാറ്റ
രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വ്യവസായികളായ ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബെെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തുകയും വിവരം സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുകയും ചെയ്തിരുന്നു. പതിവ് മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായാണ് ആശുപത്രിയിൽ പോയതെന്നും പ്രായത്തിന്റേതായ പ്രശ്നങ്ങൾ ഉള്ളൂവെന്നും രത്തന്‍ ടാറ്റ അറിയിച്ചിരുന്നു. പിന്നാലെ രത്തൻ ടാറ്റ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു രത്തൻ ടാറ്റ 2016 മുതൽ ഇടക്കാല ചെയർമാനായിരുന്നു. ഈ കാലയളവിൽ ബിസിനസ് രംഗത്ത് ടാറ്റ ഗ്രൂപ്പ് വളർച്ച കെെവരിച്ചു. 1991-ല്‍ 10,000 കോടി രൂപയായിരുന്ന ടാറ്റയുടെ വിറ്റുവരവ് 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നത് രത്തൻ ടാറ്റയുടെ മികവായി രാജ്യം വിലയിരുത്തിയിരുന്നു. 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടും കമ്പനിയുടെ തലപ്പത്തേയ്ക്ക് എത്തി. 2017 വരെ ഇടക്കാല ചെയർമാനായി തുടർന്നു. നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തൻ ടാറ്റ ജനിച്ചത്. അവിവാഹിതനാണ്.