How to Apply for Passport Online: ഓൺലൈനായി പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം? വിശദമായി അറിയാം
How to Apply for Passport Online Step by Step: ഓൺലൈനായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഓഫീസുകൾ കയറി ഇറങ്ങണമായിരുന്നു. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ ഒരു പൗരന് പാസ്പോർട്ട് വളരെ എളുപ്പത്തിൽ ഓൺലൈനായി തന്നെ അപേക്ഷിക്കാൻ കഴിയും. അതിനായി, പാസ്പോർട്ട് സേവാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും കുറച്ച് നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ മതി. ഓൺലൈനായി അപേക്ഷിച്ച ശേഷം അഭിമുഖത്തിനായി മാത്രമേ ഒരാൾക്ക് പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കേണ്ടതായുള്ളൂ.
അഭിമുഖത്തിനായി പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുമ്പോൾ, ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അപ്ലോഡ് ചെയ്ത ഡോക്യൂമെന്റുകൾ നിർബന്ധമായും കരുതണം. അപേക്ഷിച്ചതിന് ശേഷം, പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കാൻ 90 ദിവസം ലഭിക്കും. ഇതിനുള്ളിൽ ഒറിജിനൽ രേഖകളുമായി സേവാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ വീണ്ടും അപേക്ഷിക്കേണ്ടതായി വരും.
ALSO READ: എടിഎമ്മിൽ നിന്ന് പൈസ പിൻവലിച്ചാൽ ചാർജ്ജുണ്ട്, അറിഞ്ഞരിക്കാം
പാസ്‌പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ
- പാസ്പോർട്ട് സേവാ പോർട്ടൽ സന്ദർശിച്ച് ‘രജിസ്റ്റർ നൗ’ (Register Now) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം അഭിമുഖത്തിനായി നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പാസ്പോർട്ട് ഓഫിസ് തിരഞ്ഞെടുക്കുക.
- വിശദാംശങ്ങൾ നൽകിയ ശേഷം ‘രജിസ്റ്റർ’ (Register) ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- രജിസ്റ്റർ ചെയ്ത ലോഗിൻ ഐഡി ഉപയോഗിച്ച് പാസ്പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ‘അപ്ലൈ ഫോർ ഫ്രഷ് പാസ്പോർട്ട്’ (Apply For Fresh Passport) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. (നിങ്ങൾ മുൻപൊരിക്കലും ഇന്ത്യൻ പാസ്പോർട്ട് കൈവശം വച്ചിട്ടില്ലെങ്കിൽ മാത്രം ഫ്രഷ് പാസ്‌പോർട്ടിൽ ക്ലിക്ക് ചെയ്യുക, അല്ലാത്ത പക്ഷം റീ-ഇഷ്യൂ ഓഫ് പാസ്പോർട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.)
- സ്‌ക്രീനിൽ തെളിഞ്ഞ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം ‘സബ്മിറ്റ്’ (Submit) നൽകുക.
- സബ്മിറ്റ് ചെയ്ത ശേഷം ‘പേ ആൻഡ് ഷെഡ്യൂൾ അപ്പോയ്ന്റ്മെന്റ്’ (Pay and Schedule Appointment) എന്ന ലിങ്ക് തുറക്കുക. അപ്പോയിന്മെന്റ് തീയതി നമുക്ക് തെരഞ്ഞെടുക്കാം. ശേഷം ഓൺലൈനായി ഫീസ് അടക്കുക. 1500 രൂപയാണ് അപേക്ഷ ഫീസ്.
- അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് ചെയ്ത് ഭാവി റഫറൻസിനായി കയ്യിൽ കരുതുക.
- തുടർന്ന്, അപ്പോയ്ന്റ്മെന്റ് വിശദാംശങ്ങൾ അടങ്ങിയ ഒരു SMS ഫോണിൽ ലഭിക്കും.
അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ അഭിമുഖത്തിനായി നിയുക്ത പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷ നടപടി പൂർത്തിയായാൽ ഒരാഴ്ചയ്ക്കുള്ളിൽ അഭിമുഖം ഉണ്ടാകും. അഭിമുഖത്തിനായി പോകുമ്പോൾ കൊണ്ടുപോകേണ്ട രേഖകൾ: ഓണലൈനായി അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ അപ്ലോഡ് ചെയ്ത രേഖകൾ, ആധാർ കാർഡ്, പാൻ കാർഡ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ കരുത്തേണ്ടതാണ്. ഒപ്പം, അപേക്ഷ ഫോമിന്റെ കോപ്പിയും കയ്യിൽ കരുതുക.
അവസാന ഘട്ടം പോലീസ് വെരിഫിക്കേഷൻ ആണ്. ഐഡന്റിറ്റി പരിശോധിക്കുന്നതിനും അപേക്ഷകന്റെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുന്നതിനും ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ അപേക്ഷകന്റെ താമസ സ്ഥലത്ത് വരും. ഈ ഘട്ടം കൂടെ പൂർത്തിയായാൽ തപാൽ വഴി അപേക്ഷകന്റെ വിലാസത്തിൽ പാസ്പോർട്ട് എത്തുന്നതാണ്.