December Ration Distribution: നവംബറിലെ റേഷൻ വാങ്ങാൻ ഇനിയും അവസരം; വിശദവിവരങ്ങൾ
December Month Ration Distribution In Kerala: ഡിസംബർ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. അതിനാൽ ഡിസംബർ അഞ്ച് മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ 10 വൈകിട്ട് 5 മണി വരെയാണ്.
സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഡിസംബർ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. അതിനാൽ ഡിസംബർ അഞ്ച് മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 ഡിസംബർ മാസത്തെ റേഷൻ വിഹിതം ആഞ്ചാം തീയതി മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.
ഓരോ റേഷൻ കാർഡിനും അർഹമായ വിഹിതങ്ങളുടെ വിശദവിവരം
അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡിന് – 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായും ലഭിക്കുന്നതാണ്. ഏഴ് രൂപ നിരക്കിൽ രണ്ട് പായ്ക്കറ്റ് ആട്ടയും ഈ കാർഡുടമകൾക്ക് ലഭിക്കുന്നതാണ്.
മുൻഗണന വിഭാഗം ( പി എച്ച് എച്ച്- പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ചിട്ടുണ്ട്. അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപാ നിരക്കിൽ ലഭിക്കുന്നതാണ്.
പൊതു വിഭാഗം (എൻ പി എസ് – നീല) കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നതാണ്.
പൊതു വിഭാഗം (എൻ പി എൻ എസ് – വെള്ള) കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ എന്ന നിരക്കിൽ ലഭിക്കും.
പൊതു വിഭാഗം സ്ഥാപനം (എൻ പി ഐ – ബ്രൌൺ) ബ്രൌൺ കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.
മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ 10 വൈകിട്ട് 5 മണി വരെയാണ്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അതേസമയം, അനധികൃത റേഷൻ കാർഡ് കൈവശം വെക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തൃതിയുള്ള വീട് – അംഗങ്ങൾക്ക് എല്ലാംകൂടി ഒരേക്കറിൽ അധികം ഭൂമി – ഏതെങ്കിലും അംഗത്തിന്റെ പേരിൽ നാല്ചക്ര വാഹനം – എല്ലാ അംഗങ്ങൾക്കും കൂടി 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം – ഇതിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവർക്ക് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ല. അനർഹമായി കൈവശമുള്ള മുൻഗണനാ റേഷൻ കാർഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.