LPG Price: പുതുവത്സരത്തിൽ എണ്ണക്കമ്പനികളുടെ സർപ്രെെസ്, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; നിരക്കിൽ ആശ്വാസം
LPG Cylinder Price: പുതുവത്സര ദിനത്തിലുണ്ടായ ഈ വിലക്കുറവ് സംസ്ഥാനത്തെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും തട്ടുകടകൾക്കും മറ്റ് വ്യാവസായിക ആവശ്യത്തിന് ഈ സിലിണ്ടർ ഉപയോഗിക്കുന്നവർക്കും ഏറെ ഗുണകരമായി.
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനവുമായി എണ്ണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം സിലിണ്ടർ) വില കുറച്ചു. പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കളെ വില കുറച്ചുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന് 14.5 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1804 രൂപയായി. കഴിഞ്ഞ മാസം 1818.5 രൂപയായിരുന്നു വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില. ആറ് മാസത്തിനിടെ ഇത് ആദ്യമായാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ കുറച്ചിരിക്കുന്നത്.
പുതുക്കിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ 1804 രൂപയാണ് 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില. 2024 ജൂലെെ മുതൽ ഡിസംബർ വരെ രാജ്യതലസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഏകദേശം 172.5 രൂപ വർദ്ധിച്ചു. മുംബെെയിൽ 15 രൂപ കുറഞ്ഞ് 1756 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് നൽകേണ്ടത്. കൊൽക്കത്തയിൽ 16 രൂപ കുറഞ്ഞ് 1911 രൂപ എന്ന നിരക്കിലാണ് വാണിജ്യാവശ്യത്തിനുള്ള എൽപിജി വ്യാപാരം പുരോഗമിക്കുന്നത്. ചെന്നെെയിൽ 1966 രൂപ നൽകിയാൽ 19 കിലോ ഗ്രാം സിലിണ്ടർ ലഭിക്കും. 14.5 രൂപയാണ് കുറഞ്ഞത്. അതേസമയം ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന 14.5 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഡൽഹി (803 രൂപ), കൊൽക്കത്ത (829 രൂപ), മുംബെെ (802.50 രൂപ), ചെന്നെെ (818 രൂപ) എന്നിങ്ങനെയാണ് നിരക്ക്.
ഗുഡ് റിട്ടേൺസിന്റെ റിപ്പോർട്ട് പ്രകാരം 15 രൂപ കുറഞ്ഞ് കൊച്ചിയിൽ വില 1,812 രൂപയായി. കോഴിക്കോട്ട് 1,843 രൂപയും തിരുവനന്തപുരത്ത് 1,844.5 രൂപയുമാണ് പുതുക്കിയവില. ഈ നഗരങ്ങളിലും യഥാക്രമം 15 രൂപയാണ് കുറഞ്ഞത്. പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വന്നു. പുതുവത്സര ദിനത്തിലുണ്ടായ ഈ വിലക്കുറവ് സംസ്ഥാനത്തെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും തട്ടുകടകൾക്കും മറ്റ് വ്യാവസായിക ആവശ്യത്തിന് ഈ സിലിണ്ടർ ഉപയോഗിക്കുന്നവർക്കും ഏറെ ഗുണകരമായി.
കേരളത്തിലെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില
തിരുവനന്തപുരം: 1833 രൂപ
കൊല്ലം: 1844.50 രൂപ
പത്തനംതിട്ട: 1824.50 രൂപ
ഇടുക്കി: 1812 രൂപ
കോട്ടയം: 1812 രൂപ
ആലപ്പുഴ: 1814 രൂപ
എറണാകുളം: 1812 രൂപ
തൃശൂർ: 1824.50 രൂപ
പാലക്കാട്: 1844.50 രൂപ
കോഴിക്കോട്: 1844.50 രൂപ
വയനാട്: 1856.50 രൂപ
മലപ്പുറം: 1844.50 രൂപ
കണ്ണൂർ: 1812 രൂപ
കാസർകോട്: 1872.50 രൂപ
രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടർ വില പരിഷ്കരിക്കുന്നത്.
ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടർ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിയിൽ 810 രൂപ, കോഴിക്കോട്ട് 811.5 രൂപ, തിരുവനന്തപുരത്ത് 812.5 രൂപ എന്നിങ്ങനെയാണ് വില.