IPhone Buying: ഇഎംഐ ഇല്ലാതെ ഐഫോൺ വാങ്ങണോ? പ്ലാനുണ്ട്
I Phone Buying Tips: മനസ്സ് വെച്ചാൽ ഏതൊരാൾക്കും സാധിക്കുന്ന ലളിതമായൊരു രീതിയാണിത്. കൂലിപ്പണി എടുക്കുന്നവർ മുതൽ ആർക്കും എളുപ്പത്തിൽ സാധിക്കുന്ന ഒന്നാണിത്
ഐഫോൺ വാങ്ങൽ ഒരു ട്രെൻഡായിരിക്കുന്ന കാലമാണിത്. ആർക്കും ഐഫോൺ വാങ്ങാൻ അത്ര പാടൊന്നുമില്ലതാനും. എന്നാൽ ലോണില്ലാതെ, കടം വാങ്ങാതെ ഇഎംഐകളുടെ അധിക ഭാരമില്ലാതെ എങ്ങനെ ഒരു ഐഫോൺ സ്വന്തമാക്കാം എന്നതാണ് ഇനി പരിശോധിക്കുന്നത്. മനസ്സ് വെച്ചാൽ ഏതൊരാൾക്കും സാധിക്കുന്ന ലളിതമായൊരു രീതിയാണിത്. കൂലിപ്പണി എടുക്കുന്നവർ മുതൽ ആർക്കും എളുപ്പത്തിൽ സാധിക്കുന്ന ഒന്നാണിത്. അത് എങ്ങനെയെന്ന് നോക്കാം.
ഐഫോണിൻ്റെ വില
ഐഫോൺ 12,13 ആണ് ഐഫോൺ സീരിസിൽ ഇപ്പോൾ താരതമ്യേനെ വിലക്കുറവുള്ള മോഡലുകൾ. ഐഫോൺ 12-ന് 30000 ഉം, ഐഫോൺ 13-ന് ഏകദേശം 37000 ഉം ആണ് വില വരുന്നത്. ഫ്ലിപ്പ്കാർട്ട്-ആമസോൺ ആപ്പുകളിലെ ലിസ്റ്റിങ്ങ് പ്രൈസും ഏകദേശം ഇതാണ്. എങ്കിലും ഫെസ്റ്റിവൽ ഓഫറുകള്‍ അനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം. ഇനി അറിയേണ്ടത് ഇത് എങ്ങനെ വാങ്ങാം എന്നാണ്. അതിനെ പറ്റിയാണ് പറയാൻ പോകുന്നത്.
കഷ്ടിച്ച് 6 മാസം
ക്ഷമ ആട്ടിൻ സൂപ്പിൻ്റെ ഫലം ചെയ്യുമെന്നാണല്ലോ പ്രമാണം. അതു കൊണ്ട് തന്നെ കുറച്ച് മാസങ്ങളുടെ ക്ഷമയെങ്കിലും നിങ്ങൾക്ക് ഇതിൽ ആവശ്യമുണ്ട്. ഇനി പ്ലാനിലേക്ക് വരാം. പ്രതിദിനം 700 രൂപയെങ്കിലും, അല്ല 500 രൂപയെങ്കിലും വരുമാനമുള്ളവരാണോ നിങ്ങൾ ആറ് ദിവസം ആഴചയിൽ ജോലി ചെയ്യുന്നതിൽ 200 രൂപ ദിവസം മാറ്റി വെക്കാൻ പറ്റുമോ? അങ്ങനെ മാറ്റി വെച്ചാൽ ആറ് ദിവസം കൊണ്ട് 1200 രൂപയാകും. 1 മാസം കണക്കാക്കിയാൽ കുറഞ്ഞത് 5000 രൂപയെങ്കിലും ഇങ്ങനെ മാറ്റി വെക്കാം.
ഇനി ചെയ്യേണ്ടത്
നിങ്ങളുടെ ബാങ്കിലോ, അല്ലെങ്കിൽ അടുത്തുള്ള സഹകരണ ബാങ്കിലോ ഒരു റിക്കറിങ്ങ് ഡെപ്പോസിറ്റ് തുടങ്ങുക. കുറഞ്ഞത് 6 ശതമാനമെങ്കിലും നിങ്ങൾക്ക് പലിശ നിരക്ക് ലഭിക്കും. അങ്ങിനെയങ്കിൽ ആറ് മാസത്തേക്കുള്ള ആർഡിയിൽ ചേരുക. കുറഞ്ഞത് ആറ് മാസം പലിശയടക്കം നിങ്ങൾക്ക് 30,527 രൂപ ലഭിക്കും. ഐഫോൺ 12 ഏറ്റവും എളുപ്പത്തിൽ ഒരു കടവുമില്ലാതെ നിങ്ങൾക്ക് വാങിക്കാൻ 6 മാസത്തെ ആർഡി ധാരാളം.
61,977 രൂപ നിങ്ങൾക്ക്
ഇനി ആർഡി 1 വർഷത്തേക്ക് കൂടി നീട്ടിയാൽ പലിശയടക്കം 61,977 രൂപ നിങ്ങൾക്ക് ലഭിക്കും. അതായത് ഐഫോൺ 14 പ്ലസ് വരെ വേണമെങ്കിലും വാങ്ങിക്കാവുന്ന സേവിങ്ങ്സ് നിങ്ങൾക്ക് 1 വർഷം കൊണ്ട് നേടാം. പുതിയ മോഡലുകൾ വരുമ്പോൾ സ്വഭാവികമായും ഐഫോണിൻ്റെ പഴയ മോഡലുകളുടെ തുക കുറയും അതും ലാഭമാണ്.
ഇനി മോഡൽ അതല്ല മനസ്സിൽ എങ്കിൽ മറ്റൊരു പ്ലാൻ കൂടിയുണ്ട്. 61,977 രൂപ എഫ്ഡിയായി നിക്ഷേപിക്കാം ഒരു വർഷം കുറഞ്ഞത് 4000 രൂപയെങ്കിലും നിങ്ങൾക്ക് പലിശയായി ലഭിക്കും. ഒപ്പം പഴയ ആർഡിയും തുടർന്നാൽ മറ്റ് കൂടിയ മോഡലുകൾ വാങ്ങാൻ ഒരു പ്രായസവുമില്ല.
എല്ലാ കാര്യങ്ങൾക്കും പറ്റുന്ന പ്ലാൻ
ഐഫോൺ എന്നത് ഉദാഹരണമായി മാത്രം എടുക്കാം ഇത്തരത്തിൽ കടമില്ലാതെ അനാവശ്യ പലിശ കൊടുക്കാതെ. ടെൻഷനുകൾ ഒഴിവാക്കി സേവിങ്ങ്സ് സ്കീമുകൾ വഴി നിങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാം. അതിന് ചെറിയ വരുമാനമോ, ജോലിയോ ഒരിക്കലും തടസ്സമല്ല. സാമ്പത്തിക അച്ചടക്കം എല്ലായ്പ്പോഴും ആവശ്യമായ ഒന്ന് കൂടിയാണ്.