BSNL Kerala: നഷ്ടമെല്ലാം പഴങ്കഥ; അടിച്ചുകയറി ബിഎസ്എൻഎൽ, വരുമാനം 1859 കോടി
BSNL: അഞ്ച് വർഷത്തെ നഷ്ടത്തിൽ നിന്നുമാണ് ബിഎസ്എൻഎൽ കരകയറിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ ലാഭം അടുത്ത വർഷവും നിലനിർത്താനാവുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: തുടർച്ചയായ 5 വർഷത്തെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറി ബിഎസ്എൻഎൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കേരള സർക്കിളിലെ വരുമാനം 1859.9 കോടിയായി. ഏകദേശം 63 കോടിയോളം രൂപയുടെ ലാഭവും കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരള സർക്കിളിൽ നിന്ന് സ്വന്തമാക്കി. ഈ സാമ്പത്തിക വർഷം സർക്കിൾ വരുമാനം 2200 കോടിയായി ഉയരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
512 കോടിയാണ് ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിന്റെ വരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 4 ജി വ്യാപനം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,656 കോടി രൂപ ചെലവഴിക്കും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഈ വർഷം അവസാനത്തോടെ കേരളത്തിൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
7000 ടവറുകളിൽ 2500 ടവറുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തു. ലക്ഷദ്വീപിലെ 18 ഇടങ്ങളിലാണ് പുതിയ 4 ജി ടവറുകൾ സ്ഥാപിക്കുന്നത്. ചെറിയ സാങ്കേതിക വിദ്യയിലൂടെ വരും കാലത്ത് 5 ജി സേവനം ഉറപ്പുവരുത്താൻ സാധിക്കുന്നതാണ് പുതിയതായി സ്ഥാപിക്കുന്ന 4 ജി ടവറുകൾ. നിലവിൽ 89 ലക്ഷം ആളുകളാണ് കേരളത്തിൽ ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നത്.
6.71 ലക്ഷം ആളുകൾ ബിഎസ്എൻഎല്ലിന്റെ ഫെെബർ ടു ദി ഹോം(എഫ്ടിടിഎച്ച്) ഇന്റർനെറ്റ് സൗകര്യവും ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങൾക്ക് സുരക്ഷിതമായ 5 ജി നെറ്റ്വർക്ക് ഒരുക്കുന്ന 5 ജീ കാപ്റ്റീവ് നോൺ പബ്ലിക് നെറ്റ്വർക്ക് സിഡാക്കിന്റെ സഹായത്തോടെ ലഭ്യമാക്കുന്ന പദ്ധതിയും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. വീടുകളിലെ എഫ്ടിടിഎച്ച് അക്കൗണ്ട് ഉപയോഗിച്ച് മറ്റുസ്ഥലങ്ങളിലെ എഫ്ടിടിഎച്ച് ഉപയോഗിക്കാവുന്ന രീതിയും ബിഎസ്എൻഎൽ ഉടൻ പുറത്തിറക്കും. എഫ്ടിടിഎച്ച് കണക്ഷനുകൾ അതിവേഗം 10 ലക്ഷം കടക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സ്വകാര്യ ടെലികോം സേവന ദാതാക്കളായ എയർടെെൽ, ജിയോ, വിഐ എന്നിവ ജൂണിൽ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്. ഏകദേശം 9 ലക്ഷത്തോളം ഉപഭോക്താക്കളാണ് ബിഎസ്എൻഎൽ സേവനം ഉപയോഗപ്പെടുത്തിയത്. ജൂണിൽ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിന് നഷ്ടമായിരുന്നു. എന്നാൽ ജൂലെെയിൽ 10 ലക്ഷത്തിലധികം വരിക്കാരെ ബിഎസ്എൻഎൽ തിരികെ കൊണ്ടുവന്നു. യൂസർമാരെ ആകർഷിക്കുന്ന പ്ലാനുകളാണ് ഇതിന് പിന്നിൽ.
കഴിഞ്ഞ ദിവസം യൂസർമാരെ ആകർഷിക്കുന്ന 91 രൂപയുടെ പുതിയ പ്ലാൻ ബിഎസ്എൻഎൽ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ പ്ലാനിനൊപ്പം കോളോ ഡാറ്റയോ സൗജന്യ എസ്എംഎസോ ലഭിക്കില്ല. ഈ പ്ലാന് തിരഞ്ഞെടുക്കുന്നവരുടെ സിം കാർഡ് 90 ദിവസം ആക്ടീവായിരിക്കും എന്നതാണ് പ്രത്യേകത. കോൾ, ഡാറ്റ സേവനങ്ങൾ ആവശ്യമുള്ള ഉപഭോക്താക്കളാണെങ്കിൽ ഈ പ്ലാനിനൊപ്പം മറ്റ് ടോപ്‌അപ്പ്, പ്രത്യേക ഡാറ്റ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്യേണ്ടി വരും.