ATM Withdrawal Charges : എടിഎമ്മിൽ നിന്ന് പൈസ പിൻവലിച്ചാൽ ചാർജ്ജുണ്ട്, അറിഞ്ഞരിക്കാം
ATM Withdrawal Fees in SBI: ഇടപാടിനെയും നഗരത്തിനെയും ആശ്രയിച്ചായിരിക്കും എസ്ബിഐയുടെ നിരക്കുകൾ. മെട്രോ നഗരങ്ങളെയും സാധാരണ നഗരങ്ങളുടെയും നിരക്കുകൾ വ്യത്യസ്തമായിരിക്കും
തുടക്ക കാലത്ത് എടിഎം ഉപയോഗത്തിന് പരിധിയോ ചാർജോ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത് പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും പരിമിതമായ അളവിൽ എടിഎം ഇടപാടുകൾ നടത്താനുള്ള സൗകര്യം അതാത് ബാങ്കുകൾ നൽകുന്നുണ്ട്. നിശ്ചയിച്ച പരിധി കഴിഞ്ഞാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഫീസ് ഈടാക്കും. അതേസമയം തന്നെ അൺലിമിറ്റഡായി ഇടപാടുകൾ നടത്താനുള്ള സൗകര്യവും ബാങ്കുകൾ നൽകുന്നുണ്ട്. ഇത് നിബന്ധനകൾക്ക് വിധേയമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വിവിധ നിരക്കുകൾ ഈടാക്കുന്നുണ്ട്. ഇടപാടിനെയും നഗരത്തിനെയും ആശ്രയിച്ചായിരിക്കും എസ്ബിഐയുടെ നിരക്കുകൾ. മെട്രോ നഗരങ്ങളെയും സാധാരണ നഗരങ്ങളുടെയും നിരക്കുകൾ വ്യത്യസ്തമായിരിക്കും. കൂടാതെ, എസ്ബിഐ എടിഎം കാർഡ് ഉടമകൾ മറ്റൊരു ബാങ്കിൻ്റെ എടിഎമ്മിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചാലും കൂടുതൽ പണം നൽകേണ്ടി വരും.
എടിഎം കാർഡ് നിരക്കുകൾ അറിഞ്ഞിരിക്കാം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി എടിഎമ്മുകളിലും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും പരിധിയില്ലാത്ത സൗജന്യ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു. എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിൽ ശരാശരി 25,000 രൂപയിൽ കൂടുതൽ പ്രതിമാസ ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് ബാങ്കിൻ്റെ എടിഎം വഴി പരിധിയില്ലാത്ത ഇടപാടുകൾ നടത്താം.
എന്നാൽ ഇത് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴിയാണെങ്കിൽ ഒരു ലക്ഷം രൂപ ബാലൻസ് ഉപഭോക്താക്കൾ നിലനിർത്തണം. എസ്ബിഐ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിങ്ങനെ രാജ്യത്തെ ആറ് മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് 3 സൗജന്യ ഇടപാടുകൾ നടത്താം.
പ്രതിമാസം 25,000 രൂപ ബാലൻസ് നിലനിർത്തുന്നവർക്ക് എസ്ബിഐ എടിഎമ്മുകളിൽ ഒരു മാസത്തിൽ അഞ്ച് സൗജന്യ ഇടപാടുകൾ സാധിക്കും. 25000 രൂപയിൽ കൂടുതൽ അക്കൗണ്ടിൽ സൂക്ഷിക്കുന്നവർക്ക് പരിധിയില്ലാതെ ഇടപാടുകൾ നടത്താനുള്ള സൗകര്യമുണ്ട്. ഒരു എസ്ബിഐ അക്കൗണ്ട് ഉടമയ്ക്ക് മറ്റ് ബാങ്കുകളിലും പരിധിയില്ലാതെ എടിഎം ഇടപാടുകൾ നടത്തണമെങ്കിൽ പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ ബാലൻസ് നിലനിർത്തണം.
സൗജന്യ പരിധി കഴിഞ്ഞാൽ
നിശ്ചയിച്ച പരിധിക്ക് ശേഷം ഒരു എസ്ബിഐ ഉപഭോക്താവ് എടിഎം വഴി ഇടപാട് നടത്തുകയാണെങ്കിൽ, അയാൾ നിശ്ചിത ചാർജ് നൽകേണ്ടിവരും. എസ്ബിഐ ഒഴികെയുള്ള മറ്റേതെങ്കിലും ബാങ്കിൻ്റെ എടിഎം ഉപയോഗിച്ചാൽ ഓരോ ഇടപാടിനും 20 രൂപ നൽകണം. ഇതിന് ജിഎസ്ടിയും ചുമത്തും. അതുപോലെ, നിങ്ങൾ എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയോ മറ്റേതെങ്കിലും ഇടപാട് നടത്തുകയോ ചെയ്താൽ അതിന് 10 രൂപയും ജിഎസ്ടിയും നൽകണം.