Air India: മുസ്ലീം യാത്രക്കാർക്ക് ഇനി മുതൽ എയർ ഇന്ത്യയിൽ ഹലാൽ ഭക്ഷണം; പുതിയ നീക്കം ലയനത്തിന് പിന്നാലെ
MOML Meal& Halal Certificate: ഭക്ഷണത്തിന് മുകളിൽ പ്രത്യേകമായി മുസ്ലീം മീൽ (MOML) സ്റ്റിക്കർ പതിപ്പിക്കും. "മുസ്ലീം മീൽ" വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കേഷൻ നൽകൂ.
ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം പ്രത്യേക വിഭവം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇനി മുതൽ ഹലാൽ ഭക്ഷണം നൽകുകയുള്ളൂവെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലേക്കും ഹജ്ജ് തീർത്ഥാടനത്തിനുള്ള വിമാനങ്ങളിലും മാത്രമേ മുഴുവനായി ഹലാല്‍ ഭക്ഷണം ഉണ്ടാവുകയുള്ളുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനങ്ങളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം.
ഈ മാസം ആദ്യം കമ്പനി ഹലാൽ ഭക്ഷണത്തിൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വിസ്താര എയർലൈൻസ് എയർ ഇന്ത്യയുമായി ലയിച്ചതിന് പിന്നാലെയാണ് ഹലാൽ ഭക്ഷണം പ്രത്യേക വിഭവമാക്കിയത്. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങളിലായിരിക്കും ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തുക. ഇത്തരം വിഭവം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിലായിരിക്കും എയർ ഇന്ത്യ ഉൾപ്പെടുത്തുക.
ഭക്ഷണത്തിന് മുകളിൽ പ്രത്യേകമായി മുസ്ലീം മീൽ (MOML) സ്റ്റിക്കർ പതിപ്പിക്കും. “മുസ്ലീം മീൽ” വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കേഷൻ നൽകൂ. അതേസമയം, സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷ്യവസ്തുക്കളും ഹലാലായിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹജ്ജ് വിമാനങ്ങളിലും ഭക്ഷണത്തിന് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Important Notification for Muslim Travelers on Air India Flights:
As of November 17th, Air India’s non-veg meals will no longer be Halal-certified. However, you can pre-book MOML (Muslim Meal) while booking your ticket, which will be certified Halal. pic.twitter.com/FHDEOZ8VJw
— Mosques Of India (@MosquesOf) November 10, 2024
യാത്രക്കാരുടെ ആവശ്യാനുസരണം വിവിധ വിഭവങ്ങൾ വിമാനങ്ങളിൽ ക്രമീകരിച്ചിരുന്നു. വിസ്താര എയർ ഇന്ത്യയിൽ ലയിച്ചതോടെയാണ് ഭക്ഷണം മുൻകൂറായി ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നത്. നേരത്തേ ഇക്കാര്യം നിർബന്ധമല്ലായിരുന്നു. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങള്‍ എയര്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.
എയർ ഇന്ത്യ എപ്പോഴും യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും സർവ്വീസുകൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കമെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ലയനം പൂർത്തിയായ സാഹചര്യത്തിൽ പാൻട്രി സർവ്വീസ് കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അതിനാൽ യാത്രക്കാർ മുൻകൂട്ടി ബുക്കിംഗ് നടത്തണമെന്നും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ചയാണ് വിസ്താര – എയർ ഇന്ത്യ ലയനം പൂർത്തിയായത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വിസ്താര എയർലെെൻ തങ്ങളുടെ സർവ്വീസ് അവസാനിപ്പിച്ചത്. 2022-ലാണ് വിസ്താര- എയർഇന്ത്യാ ലയനം പ്രഖ്യാപിച്ചത്.