Guidelines Changed For Driving School : സിഐടിയു സമരം ലക്ഷ്യം കണ്ടു; സംസ്ഥാനത്തെ ഡ്രൈവിങ് പരിഷ്കരണങ്ങളിൽ വീണ്ടും മാറ്റം
Guidelines Changed For Driving School CITU : 15 ദിവസമായി സിഐടിയു തുടരുന്ന സമരത്തിനൊടുവിൽ സംസ്ഥാനത്തെ ഡ്രൈവിങ് പരിഷ്കരണങ്ങളിൽ വീണ്ടും മാറ്റം. ഇന്നലെ സിഐടിയു പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ചില മാറ്റങ്ങൾ കൂടി വരുത്തിയത്.
സംസ്ഥാനത്തെ ഡ്രൈവിങ് പരിഷ്കാരങ്ങളിൽ വീണ്ടും മാറ്റം വരുത്തി ഗതാഗത വകുപ്പ്. സിഐടിയുവിൻ്റെ ആവശ്യം പരിഗണിച്ചാണ് നേരത്തെ എർപ്പെടുത്തിയിരുന്ന ചില നിബന്ധനകൾ നീക്കിയത്. ഡ്രൈവിങ് സ്കൂളിലെ വാഹനങ്ങളുടെ കാലാവധി 18ൽ നിന്ന് 22 വർഷമാക്കിയതാണ് സുപ്രധാന മാറ്റം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിഐടിയു ഉൾപ്പെടെ പല സംഘടനകളും ഡ്രൈവിങ് സ്കൂൾ ഉടമകൾ സംയുക്തമായും പലതവണ സമരം നടത്തിയിരുന്നു. ഡ്രൈവിങ് ഇൻസ്ട്രക്ടർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകുന്നതിലും ഇളവനുവദിച്ചു. ഇതേ തുടർന്ന് സിഐടിയു നടത്തിവന്ന സമരം അവസാനിപ്പിച്ചു. അതേസമയം, കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഏറെക്കാലമായി തുടരുന്ന സമരത്തിനൊടുവിലാണ് ഗതാഗത വകുപ്പ് വീണ്ടും പരിഷ്കാരങ്ങളിൽ മാറ്റം വരുത്തിയത്. ഇന്നലെ സിഐടിയു പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നയിടങ്ങളിൽ 40 ടെസ്റ്റ് അധികമായി നടത്താനും ഇന്നലെ തീരുമാനമായി. ഇതോടെ 15 ദിവസമായി സിഐടിയു നടത്തിവന്ന സമരം അവസാനിപ്പിച്ചു.
അതേ സമയം, കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് തുടക്കമായി. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഇവിടെയാണ് സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ ആരംഭിച്ചിരിക്കുന്നത്.
Also Read : KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്താകെ 23 ഡ്രൈവിങ് സ്കൂളുകളാണ് കെഎസ്ആർടിസി ആരംഭിക്കുക. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പുതിയ പരിഷ്കാരങ്ങളിൽ പെട്ടതാണ് പെട്ട കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളെക്കാൾ 40 ശതമാനം കുറഞ്ഞ ഫീസാവും കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ഈടാക്കുക. ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനങ്ങൾ നേരത്തെ തയ്യാറായിരുന്നു.
കാറും ഇരുചക്ര വാഹനവും പഠിക്കാൻ 11,000 രൂപയാണ് ഇവിടെ ഫീസ്. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളിൽ ഇതിന് 15,000 രൂപ വരെ ചെലവ് വരും. ഹെവി, കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ ഫീസ് നൽകണം. ഇരുചക്ര വാഹനം പഠിക്കാൻ 3,500 രൂപ. ഗിയർ ഉള്ളതായാലും ഇല്ലാത്തതായാലും ഒരേ നിരക്കാണ്. സ്വകാര്യ സ്കൂളുകളിൽ ഇരുചക്ര വാഹനം പഠിക്കാൻ 5000 രൂപ നൽകണം.
സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതികൾക്കെതിരെ സ്വകാര്യ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധം അഴിച്ചുവിട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരത്തെ ആനയറ സ്റ്റേഷനു സമീപമാണ് ഡ്രൈവിങ് പഠനത്തിനുള്ള ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലെ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കോളജിൽ തിയറി ക്ലാസുകൾ നടക്കും. കെഎസ്ആർടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരെയാണ് ഡ്രൈവിങ് സ്‌കൂളുകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ അധിഷ്ഠിത സിമുലേറ്റർ പരിശീലന കേന്ദ്രവും ഒരുങ്ങുന്നുണ്ട്. ഇതിലാവും ആദ്യം പരിശീലനം നൽകുക.